കാലത്തിന്‍ രഥത്തില്‍ പുറകോട്ടു ചെല്ലാം,
ബാല്യത്തിന്‍ പടികളില്‍ താഴോട്ടിറങ്ങാം,
സമയത്തിന്‍ ചക്രം പുറകോട്ടു തിരിക്കാം,
ജീവിത പുസ്തകം മെല്ലെ തുറക്കാം.
പിഞ്ചോമന കുഞ്ഞായി നാം ഇന്നു മാറാം,
മധുരിക്കും സ്മരണകള്‍ മാറോടണക്കാം,
പിഞ്ചു കൈ കോര്‍ത്തു പിച്ച വെച്ചു നടക്കാം,
പുഞ്ചിരി തൂകിടും പൈതലായ് മാറാം.
പുലര്‍ കാല മഞ്ഞിന്റെ കുളിരായി മാറാം,
പൂന്തെന്നലായി മുളം കാട്ടിലെത്താം,
പച്ച നെല്‍പ്പാടത്തിന്‍ വരമ്പേ നടക്കാം,
വര്‍ണ്ണ ചിറകുമായ് വാനില്‍ പറക്കാം.
താമര പൊയ്കയില്‍ നീരാടി കളിക്കാം,
മാമര പൂക്കളിന്‍ മണം നുകരാം
ആമ്പല്‍ പൂ കുളത്തില്‍ മീന്‍ പിടിക്കാം,
പാല പൂ കൊണ്ടൊരു മാല കോര്‍ക്കാം.
പനയോല കൊണ്ടൊരു വള്ളമുണ്ടാക്കാം,
പുഴയോരം നിന്നതു കണ്ടുല്ലസിക്കാം,
ആഴക്കടലിന്റെ അറ്റത്തു ചെല്ലാം,
മുന്നാഴി മുത്തുകള്‍ മുങ്ങി എടുക്കാം.
കാട്ടിലെ അരുവിയിന്‍ പാട്ടൊന്നു കേള്‍ക്കാം,
മല കേറി മുകിലുകള്‍ തൊട്ടെ വരാം,
മിന്നുന്ന താരം ഓരോന്നായി എണ്ണാം,
കാനന ചോലയില്‍ കഥകള്‍ ചൊല്ലാം.
തുമ്പപ്പൂ തുഞ്ചത്തായ് തുമ്പിയെ പിടിക്കാം,
തമ്പുരു നാദത്തില്‍ മയങ്ങി കിടക്കാം,
ഓണ പട്ടുടുത്തു ഓടിക്കളിക്കാം,
ഓര്‍മകള്‍ ഓരോന്നായ് അയവിറക്കാം.
പോക്കു വെയില്‍ പാതയില്‍ നിഴല്‍ തേടി ചെല്ലാം,
ആറ്റു മണലില്‍ കിടന്നു ആകാശം കാണാം,
നീല നദി നീരില്‍ നീന്തി കളിക്കാം,
നിര്‍മ്മല നിമിഷങ്ങള്‍ പങ്കു വെക്കാം.
നോക്കെത്താ ദൂരത്തു കണ്ണും വെക്കാം,
നിശയുടെ നിശ്ശബ്ദത്തില്‍ ലയിച്ചു ചേരാം,
ഉറങ്ങുന്ന ഓര്‍മ്മകളെ തട്ടി ഉണര്‍ത്താം,
വസന്തത്തിന്‍ വരവിനായ് കാത്തിരിക്കാം.
കാടുകള്‍ കാവുകള്‍ കടന്നു ചെല്ലാം,
കൈ നിറയെ ഞാവല്‍ പഴം പറിക്കാം,
ആല്‍മര തണലില്‍ കണ്‍ പൊത്തി കളിക്കാം,
സ്വപ്നത്തിന്‍ ചിറകില്‍ സഞ്ചരിക്കാം.
പുതുമഴ തന്നില്‍ നനഞിരിക്കാം,
പൂമ്പാറ്റയായി പൂക്കളിന്‍ തേന്‍ കുടിക്കാം,
ഉയരത്തെ ചില്ലയില്‍ കൂടൊരുക്കാം,
കാറ്റത്തു ആലിപ്പഴം പെറുക്കാം.
നൊമ്പര തിരശ്ശീല കീറിക്കളയാം,
ദുഖങ്ങളോടു നാം വിട പറയാം,
സന്തോഷം സൌഹൃദം പങ്കു വെക്കാം,
സ്നേഹത്തിന്‍ കിരീടം നാം ധരിക്കാം.
സ്വര്‍ഗ്ഗത്തിന്‍ ജാലകം മെല്ലെ തുറക്കാം,
മാലഖമാര്‍ക്കിന്നു വിരുന്നൊരുക്കാം,
പാപങ്ങള്‍ എല്ലാം നാം ഏറ്റു ചൊല്ലാം,
പറുദീസ തേടി പറന്നു ചെല്ലാം.
ജീവിത പോരാട്ടം ഇനിയും തുടരാം,
പിരിയില്ലൊരിക്കലും എന്നു പ്രതിജ്ഞ ചെയ്യാം,
മരണമില്ലാത്തിടം തേടി യാത്ര ചെയ്യാം,
മരിച്ചാല്‍ മറു ജന്മത്തില്‍ നാം ഒരുമിച്ചിടാം
1 comment:
"ജീവിത പോരാട്ടം ഇനിയും തുടരാം,
പിരിയില്ലൊരിക്കലും എന്നു പ്രതിജ്ഞ ചെയ്യാം,
മരണമില്ലാത്തിടം തേടി യാത്ര ചെയ്യാം,
മരിച്ചാല്‍ മറു ജന്മത്തില്‍ നാം ഒരുമിച്ചിടാം"
very very touching words.........
Post a Comment