Friday, January 14, 2011

മഞ്ഞു മാസ പക്ഷി (കവിത)

മഞ്ഞു മാസ പക്ഷി (കവിത)

സന്ധ്യ മയങ്ങി, സൂര്യന്‍ വീണ്ടും കായലില്‍ മുങ്ങി,
നിശയുടെ മടിയില്‍ നിഴലുകള്‍ ഉറങ്ങി,
തന്‍ കുഞ്ഞിനെ കാണാന്‍ പറന്നു പറന്നെത്തി,
വെണ്‍ തൂവല്‍ കൊണ്ടൊരു മഞ്ഞു മാസ പക്ഷി.

ഓര്‍മ്മകള്‍ ഓരോന്നായി മനസ്സില്‍ വന്നെത്തി,
ഒരു ദുരന്ത തിരമാല ഹൃദയത്തില്‍ മുട്ടി,
പൊന്നോമന കുഞ്ഞിനായി പൂമ്പാറ്റയെ കൊത്തി,
മാറോടു ചേര്‍ക്കുവാന്‍ പക്ഷി പറന്നെത്തി.

പക്ഷേ കുഞ്ഞിനെ കണ്ടില്ല, കരച്ചിലും കേട്ടില്ല
പൂമര ചില്ലയില്‍ കൂടും കണ്ടില്ല,
കാടും അറിഞ്ഞില്ല, കാറ്റും അറിഞ്ഞില്ല,
കാനന സംഭവം ആരും പറഞ്ഞില്ല.

കുയിലുകള്‍ കൂവിയില്ല, മയിലുകള്‍ ആടിയില്ല,
അരുമ കുഞ്ഞിന്റെ കഥ ആരും മൊഴിഞ്ഞില്ല,
നിശാഗന്ധികള്‍ സുഗന്ധം പരത്തിയില്ല,
രാപ്പാടികള്‍ ഇന്നെന്തോ പാടിയില്ല.

മിന്നാ മിനുങ്ങുകള്‍ വെട്ടം പകര്‍ന്നില്ല,
വിണ്ണിലെ നക്ഷത്രങ്ങള്‍ ഇന്നു മിന്നിയില്ല,
പാതിര ആയിട്ടും ചന്ദ്രനുദിച്ചില്ല,
ഏറെ തണുത്തിട്ടും മഞ്ഞു പെയ്തില്ല.

തിരച്ചില്‍ തുടര്‍ന്നിട്ടും കുഞ്ഞിനെ കണ്ടില്ല,
നൊമ്പര നിമിഷങ്ങള്‍ക്കൊരു അന്ത്യമില്ല,
പറക്കുവാന്‍ ചിറകില്‍ ഇനി ബലവുമില്ല,
കുറുകുന്ന മനസ്സിലോ കരച്ചില്‍ ഇല്ല.

പുലര്‍ കാല സൂര്യന്‍ മെല്ലെ കിരണങ്ങള്‍ വീശി,
തളര്‍ന്നിതാ പക്ഷി പതിയെ താഴോട്ടു നോക്കി,
പൂമര ചോട്ടില്‍, വെണ്‍ തൂവല്‍, ചോരയില്‍ മുങ്ങി,
കിടപ്പത്തു കണ്ടു, കരഞ്ഞു മനസ്സാകെ വിങ്ങി.

അമ്മ അറിയാതെ കുഞ്ഞന്നു കൂടു വിട്ടു,
കാലനാം സര്‍പ്പത്തിന്‍ കെണിയില്‍ പെട്ടു,
സ്വപ്നങ്ങള്‍ എത്രയോ അമ്മ മെടഞ്ഞു വെച്ചു,
നൊമ്പര കൊടും കാട്ടില്‍ ഇന്നെല്ലാം വീണുടഞ്ഞു.

ഇനി ജീവിച്ചു എനിക്കൊന്നും നേടാനുമില്ല,
എന്‍ അരുമ കുഞ്ഞിനി വരുകയില്ല,
എന്‍ ജീവനെ വേണേല്‍ എടുത്തോളൂ പരനേ,
എനിക്കെന്റെ കുഞ്ഞിനെ തിരികെ തരണേ.

എന്നു പറഞ്ഞു പക്ഷി തല ചായ്ചു മണ്ണില്‍,
തന്‍ അമ്മക്കായി കാത്തു നിന്നു കുഞ്ഞു വിണ്ണില്‍.

ഇന്നെന്താണ് എല്ലാം ഇങ്ങനെ? (കവിത)

ഇന്നെന്തോ എന്‍ നിലവിളക്കിന്‍ തിരി ആളി കത്തുന്നു
ഗോപുര മണികള്‍ നിലക്കാതെ മുഴങ്ങുന്നു
എന്‍ മുളം കാട്ടില്‍ ഒരു കൊടുങ്കാറ്റു വീശുന്നു
മഞ്ഞു തുള്ളികള്‍ക്കും ചെറു ചൂടു തോന്നുന്നു..

ഇന്നെന്തോ ചന്ദ്രബിംബം പകലിലും തെളിയുന്നു
മുകിലുകള്‍ വാനില്‍ വഴിമുട്ടി നില്‍ക്കുന്നു
ഓളവും തീരവും വഴക്കിട്ടു പിരിയുന്നു
ആമ്പല്‍ പൂക്കളും അലസമായ് വിരിയുന്നു..

ഇന്നെന്തോ പുല്‍മേട്ടില്‍ മുള്‍ മുന തെളിയുന്നു
സൂര്യനും നിഴല്‍ തേടി അലയുന്നു
കുളത്തിലെ തെളിനീരും കലങ്ങി കിടക്കുന്നു
എന്റെ കണ്ണുനീരും കൈപ്പായി തോന്നുന്നു..

ഇന്നെന്തോ ചെമ്പനിനീര്‍ പൂവിനു സുഗന്ധമില്ലാതാകുന്നു
കുയിലുകള്‍ കാക്ക പോല്‍ കരയുന്നു
മലര്‍ വനത്തില്‍ പൂ വാടിക്കിടക്കുന്നു
മഴവില്ലും നിറം മങ്ങി നില്‍ക്കുന്നു..

ഇന്നെന്തോ എന്‍ വീണ കമ്പിയും വിരല്‍ തൊടാതെ പൊട്ടുന്നു
എന്റെ വിങ്ങലുകള്‍ കരച്ചിലായ് മാറുന്നു
നെഞ്ചിടിപ്പു മണി മുഴക്കം പോല്‍ കേള്‍ക്കുന്നു
ധമനികളില്‍ ചോര നദി പോലെ പായുന്നു..

ഇന്നെന്തോ ഞാഞ്ഞൂലിനും വിഷപ്പല്ലു കിളിര്‍ക്കുന്നു
ഓലപ്പടക്കവും ബോംബു പോല്‍ പൊട്ടുന്നു
മയില്‍ പീലികള്‍ക്കും ചിറകു മുളക്കുന്നു
ബന്ധങ്ങള്‍ എല്ലാം ബന്ധനങ്ങള്‍ ആകുന്നു..

ഇന്നെന്തോ നിശായാമം നീണ്ടു നീണ്ടു പോകുന്നു
എന്റെ ഓര്‍മ്മ ചുരുള്‍ അഴിയാതെ കിടക്കുന്നു
എന്റെ സ്വപ്നങ്ങള്‍ കുരിശു ചുമക്കുന്നു
ഞാന്‍ വല്ലാതെ വിയര്‍ക്കുന്നു, ഞെട്ടി ഉണരുന്നു..

ഇന്നെന്താണ്, എന്താണ് എല്ലാം ഇങ്ങനെ?
വഴി മാറി വീശും കൊടുങ്കാറ്റു പോലെ
ഇന്നാണോ? അതെ ഇന്നാണ് വിടവാങ്ങി പോയ
പ്രിയ സുഹൃത്തിന്‍ ഓര്‍മ്മ ദിവസം..