ഇന്നെന്തോ എന്‍ നിലവിളക്കിന്‍ തിരി ആളി കത്തുന്നു
ഗോപുര മണികള്‍ നിലക്കാതെ മുഴങ്ങുന്നു
എന്‍ മുളം കാട്ടില്‍ ഒരു കൊടുങ്കാറ്റു വീശുന്നു
മഞ്ഞു തുള്ളികള്‍ക്കും ചെറു ചൂടു തോന്നുന്നു..
ഇന്നെന്തോ ചന്ദ്രബിംബം പകലിലും തെളിയുന്നു
മുകിലുകള്‍ വാനില്‍ വഴിമുട്ടി നില്‍ക്കുന്നു
ഓളവും തീരവും വഴക്കിട്ടു പിരിയുന്നു
ആമ്പല്‍ പൂക്കളും അലസമായ് വിരിയുന്നു..
ഇന്നെന്തോ പുല്‍മേട്ടില്‍ മുള്‍ മുന തെളിയുന്നു
സൂര്യനും നിഴല്‍ തേടി അലയുന്നു
കുളത്തിലെ തെളിനീരും കലങ്ങി കിടക്കുന്നു
എന്റെ കണ്ണുനീരും കൈപ്പായി തോന്നുന്നു..
ഇന്നെന്തോ ചെമ്പനിനീര്‍ പൂവിനു സുഗന്ധമില്ലാതാകുന്നു
കുയിലുകള്‍ കാക്ക പോല്‍ കരയുന്നു
മലര്‍ വനത്തില്‍ പൂ വാടിക്കിടക്കുന്നു
മഴവില്ലും നിറം മങ്ങി നില്‍ക്കുന്നു..
ഇന്നെന്തോ എന്‍ വീണ കമ്പിയും വിരല്‍ തൊടാതെ പൊട്ടുന്നു
എന്റെ വിങ്ങലുകള്‍ കരച്ചിലായ് മാറുന്നു
നെഞ്ചിടിപ്പു മണി മുഴക്കം പോല്‍ കേള്‍ക്കുന്നു
ധമനികളില്‍ ചോര നദി പോലെ പായുന്നു..
ഇന്നെന്തോ ഞാഞ്ഞൂലിനും വിഷപ്പല്ലു കിളിര്‍ക്കുന്നു
ഓലപ്പടക്കവും ബോംബു പോല്‍ പൊട്ടുന്നു
മയില്‍ പീലികള്‍ക്കും ചിറകു മുളക്കുന്നു
ബന്ധങ്ങള്‍ എല്ലാം ബന്ധനങ്ങള്‍ ആകുന്നു..
ഇന്നെന്തോ നിശായാമം നീണ്ടു നീണ്ടു പോകുന്നു
എന്റെ ഓര്‍മ്മ ചുരുള്‍ അഴിയാതെ കിടക്കുന്നു
എന്റെ സ്വപ്നങ്ങള്‍ കുരിശു ചുമക്കുന്നു
ഞാന്‍ വല്ലാതെ വിയര്‍ക്കുന്നു, ഞെട്ടി ഉണരുന്നു..
ഇന്നെന്താണ്, എന്താണ് എല്ലാം ഇങ്ങനെ?
വഴി മാറി വീശും കൊടുങ്കാറ്റു പോലെ
ഇന്നാണോ? അതെ ഇന്നാണ് വിടവാങ്ങി പോയ
പ്രിയ സുഹൃത്തിന്‍ ഓര്‍മ്മ ദിവസം..
2 comments:
ella bandhanghalum bandhanam aakunnu enna prayogathodu enikku yojippilla ketto...............
ഇന്നെന്തോ ഞാഞ്ഞൂലിനും വിഷപ്പല്ലു കിളിര്‍ക്കുന്നു
ഓലപ്പടക്കവും ബോംബു പോല്‍ പൊട്ടുന്നു
മയില്‍ പീലികള്‍ക്കും ചിറകു മുളക്കുന്നു
ബന്ധങ്ങള്‍ എല്ലാം ബന്ധനങ്ങള്‍ ആകുന്നു..
നല്ല വാരികള്‍ .. ..ഇനിയും പ്രതീക്ഷിക്കുന്നു
Post a Comment