Friday, January 14, 2011

മഞ്ഞു മാസ പക്ഷി (കവിത)

മഞ്ഞു മാസ പക്ഷി (കവിത)

സന്ധ്യ മയങ്ങി, സൂര്യന്‍ വീണ്ടും കായലില്‍ മുങ്ങി,
നിശയുടെ മടിയില്‍ നിഴലുകള്‍ ഉറങ്ങി,
തന്‍ കുഞ്ഞിനെ കാണാന്‍ പറന്നു പറന്നെത്തി,
വെണ്‍ തൂവല്‍ കൊണ്ടൊരു മഞ്ഞു മാസ പക്ഷി.

ഓര്‍മ്മകള്‍ ഓരോന്നായി മനസ്സില്‍ വന്നെത്തി,
ഒരു ദുരന്ത തിരമാല ഹൃദയത്തില്‍ മുട്ടി,
പൊന്നോമന കുഞ്ഞിനായി പൂമ്പാറ്റയെ കൊത്തി,
മാറോടു ചേര്‍ക്കുവാന്‍ പക്ഷി പറന്നെത്തി.

പക്ഷേ കുഞ്ഞിനെ കണ്ടില്ല, കരച്ചിലും കേട്ടില്ല
പൂമര ചില്ലയില്‍ കൂടും കണ്ടില്ല,
കാടും അറിഞ്ഞില്ല, കാറ്റും അറിഞ്ഞില്ല,
കാനന സംഭവം ആരും പറഞ്ഞില്ല.

കുയിലുകള്‍ കൂവിയില്ല, മയിലുകള്‍ ആടിയില്ല,
അരുമ കുഞ്ഞിന്റെ കഥ ആരും മൊഴിഞ്ഞില്ല,
നിശാഗന്ധികള്‍ സുഗന്ധം പരത്തിയില്ല,
രാപ്പാടികള്‍ ഇന്നെന്തോ പാടിയില്ല.

മിന്നാ മിനുങ്ങുകള്‍ വെട്ടം പകര്‍ന്നില്ല,
വിണ്ണിലെ നക്ഷത്രങ്ങള്‍ ഇന്നു മിന്നിയില്ല,
പാതിര ആയിട്ടും ചന്ദ്രനുദിച്ചില്ല,
ഏറെ തണുത്തിട്ടും മഞ്ഞു പെയ്തില്ല.

തിരച്ചില്‍ തുടര്‍ന്നിട്ടും കുഞ്ഞിനെ കണ്ടില്ല,
നൊമ്പര നിമിഷങ്ങള്‍ക്കൊരു അന്ത്യമില്ല,
പറക്കുവാന്‍ ചിറകില്‍ ഇനി ബലവുമില്ല,
കുറുകുന്ന മനസ്സിലോ കരച്ചില്‍ ഇല്ല.

പുലര്‍ കാല സൂര്യന്‍ മെല്ലെ കിരണങ്ങള്‍ വീശി,
തളര്‍ന്നിതാ പക്ഷി പതിയെ താഴോട്ടു നോക്കി,
പൂമര ചോട്ടില്‍, വെണ്‍ തൂവല്‍, ചോരയില്‍ മുങ്ങി,
കിടപ്പത്തു കണ്ടു, കരഞ്ഞു മനസ്സാകെ വിങ്ങി.

അമ്മ അറിയാതെ കുഞ്ഞന്നു കൂടു വിട്ടു,
കാലനാം സര്‍പ്പത്തിന്‍ കെണിയില്‍ പെട്ടു,
സ്വപ്നങ്ങള്‍ എത്രയോ അമ്മ മെടഞ്ഞു വെച്ചു,
നൊമ്പര കൊടും കാട്ടില്‍ ഇന്നെല്ലാം വീണുടഞ്ഞു.

ഇനി ജീവിച്ചു എനിക്കൊന്നും നേടാനുമില്ല,
എന്‍ അരുമ കുഞ്ഞിനി വരുകയില്ല,
എന്‍ ജീവനെ വേണേല്‍ എടുത്തോളൂ പരനേ,
എനിക്കെന്റെ കുഞ്ഞിനെ തിരികെ തരണേ.

എന്നു പറഞ്ഞു പക്ഷി തല ചായ്ചു മണ്ണില്‍,
തന്‍ അമ്മക്കായി കാത്തു നിന്നു കുഞ്ഞു വിണ്ണില്‍.

4 comments:

Unknown said...

Nice !!!

Unknown said...

പടച്ചോനെ ഇയാള്‍ തന്നെ ആണോ അത്...
അയാള്‍ തന്നെ ആണോ ഇത്..

മുജീബ്‌ റഹ്മാന്‍ ചെമ്മന്കടവ് said...

നൊമ്പരങ്ങളുടെ കൂടാരമാണല്ലോ ...
താങ്കള്‍ ഇനിയും എഴുതണം ,, നല്ല വരികള്‍ ..

Nikhil Hussain Nallascrap said...

ithu ezhuthaan etho oru friend aanu inspiration ennu evideyo vaayichu... sheriyaano? aaraanu aa friend? btw, very nice poem...